സ്തുതിയില്‍ സന്തോഷം കണ്ടെത്തുക
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരന്‍ സി.എസ്. ലൂയിസ് ആദ്യമായി യേശുവിനു തന്റെ ജീവിതം സമര്‍പ്പിച്ചപ്പോള്‍, ദൈവത്തെ സ്തുതിക്കുന്നതിനെ അദ്ദേഹം ആദ്യം എതിര്‍ത്തുനിന്നു. വാസ്തവത്തില്‍, അദ്ദേഹം അതിനെ 'ഇടര്‍ച്ചക്കല്ല്' എന്നാണ് വിളിച്ചത്. 'ദൈവം തന്നെ അത്് ആവശ്യപ്പെട്ടു' എന്ന നിര്‍ദ്ദേശമാണ് അദ്ദേഹത്തിനു പ്രശ്‌നമായി തോന്നിയത്. എന്നിട്ടും ഒടുവില്‍ ലൂയിസ് അതു മനസ്സിലാക്കി, 'ദൈവജനം ആരാധിക്കുമ്പോഴാണ് ദൈവം തന്റെ സാന്നിദ്ധ്യം തന്റെ ജനത്തിനു വെളിപ്പെടുത്തുന്നത്.'' അപ്പോള്‍ നാം, 'ദൈവത്തോടുള്ള സമ്പൂര്‍ണ്ണ സ്‌നേഹത്തില്‍'' അവനില്‍ സന്തോഷം കണ്ടെത്തുന്നു. ആ സന്തോഷമാകട്ടെ 'കണ്ണാടി സ്വീകരിക്കുന്ന പ്രകാശവും അതു പുറപ്പെടുവിക്കുന്ന പ്രകാശവും' തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്തതുപോലെയുള്ളതായിരിക്കും.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഹബക്കൂക്ക് പ്രവാചകന്‍ ഈ നിഗമനത്തിലെത്തി. യെഹൂദജനതയ്ക്കു നേരെ വരുന്ന തിന്മകളെക്കുറിച്ചു ദൈവത്തോടു പരാതിപ്പെട്ടശേഷം, ദൈവത്തെ സ്തുതിക്കുന്നത് - ദൈവം ചെയ്യുന്ന കാര്യങ്ങള്‍ക്കുവേണ്ടിയല്ല, മറിച്ച് ദൈവം ആരാണ് എന്നതിനെക്കുറിച്ച് - സന്തോഷത്തിലേക്കു നയിക്കുന്നുവെന്ന് ഹബക്കൂക്ക് മനസ്സിലാക്കി. അങ്ങനെ, ഒരു ദേശീയ, അല്ലെങ്കില്‍ ആഗോള പ്രതിസന്ധിയില്‍പ്പോലും ദൈവം ഇപ്പോഴും വലിയവനാണ്. പ്രവാചകന്‍ പ്രഖ്യാപിച്ചതുപോലെ:
'അത്തിവൃക്ഷം തളിര്‍ക്കുകയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്ഫലമായ്‌പ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കുകയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല. എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും'' (ഹബക്കൂക്ക് 3:17-18). 'എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും'' അവന്‍ കൂട്ടിച്ചേര്‍ത്തു.
സി.എസ്. ലൂയിസ് ഗ്രഹിച്ചതുപോലെ, 'ലോകം മുഴുവന്‍ സ്തുതി മുഴങ്ങുന്നു.' അതുപോലെ, ഹബക്കൂക്കും എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിക്കുന്നതിനു സ്വയം സമര്‍പ്പിച്ചു. 'പുരാതനപാതകളില്‍ നടക്കുന്നവനില്‍' സമൃദ്ധമായ സന്തോഷം കണ്ടെത്തി (വാ. 6).
തള്ളപ്പെട്ടവര്‍ക്കുള്ള ശരണം
ആയിരക്കണക്കിനാളുകളെ യേശുവിലുള്ള വിശ്വാസത്തിലേക്കു നയിച്ച, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗകരിലൊരുവനായിരുന്നു ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് (1714-1770). പക്ഷേ, അദ്ദേഹത്തിന്റെ ജീവിതം വിവാദരഹിതമായിരുന്നില്ല. അദ്ദേഹത്തിന്റെ പരസ്യസ്ഥലത്തെ പ്രസംഗരീതിയെ (വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളുന്നതിനായി), ചിലപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുന്നവരും ഒരു സഭാകെട്ടിടത്തിന്റെ നാലു മതിലുകള്‍ക്കുള്ളില്‍ മാത്രമേ പ്രസംഗിക്കാവൂ എന്നു കരുതുന്നവരും വിമര്‍ശിച്ചിരുന്നു. മറ്റുള്ളവരുടെ കഠിനമായ വാക്കുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു എന്നതിലേക്കു വൈറ്റ്ഫീല്‍ഡിന്റെ ശവകുടീരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ വ്യക്തമാക്കുന്നു: 'എന്റെ സ്വഭാവത്തെ ന്യായീകരിക്കുന്നതിനു ന്യായവിധി ദിവസം വരെ കാത്തിരിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്; ഞാന്‍ മരിച്ചതിനുശേഷം, ഇതൊഴികെ മറ്റൊരു സ്മാരകക്കുറിപ്പ് ഞാന്‍ ആഗ്രഹിക്കുന്നില്ല: “ഇവിടെ ജോര്‍ജ്ജ് വൈറ്റ്ഫീല്‍ഡ് കിടക്കുന്നു - അവന്‍ എങ്ങനെയുള്ള മനുഷ്യനായിരുന്നുവെന്ന് മഹത്തായ ദിനത്തില്‍ വെളിപ്പെടും.''
പഴയനിയമത്തില്‍, മറ്റുള്ളവരില്‍നിന്നു കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍, ദാവീദ് തന്നെത്തന്നെ ദൈവകരങ്ങളില്‍ ഏല്പിച്ചു. ദാവീദ് രാജാവിനോടു മത്സരിക്കുന്നുവെന്നു വ്യാജ ആരോപണം ഉന്നയിച്ച് അവനെ പിടിക്കാന്‍ സൈന്യത്തെ ശൗല്‍ അയച്ചു. തന്റെ നേരെ വരുന്ന ശൗലിന്റെ സൈന്യത്തില്‍നിന്നു രക്ഷപ്പെടാന്‍ നിര്‍ബ്ബന്ധിതനായി ദാവീദ് ഒരു ഗുഹയില്‍ ഒളിച്ചു. “പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന'’ മനുഷ്യരായ 'സിംഹങ്ങളുടെ ഇടയില്‍'' താന്‍ ഇരിക്കുന്നതായി ദാവീദ് പറയുന്നു (സങ്കീര്‍ത്തനം 57:4). എന്നാല്‍ പ്രയാസകരമായ ആ സ്ഥലത്തുപോലും അവന്‍ ദൈവത്തിലേക്കു തിരിഞ്ഞു ദൈവത്തില്‍ ആശ്വാസം കണ്ടെത്തി: 'നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ'' (വാ. 10).
മറ്റുള്ളവര്‍ നമ്മെ തെറ്റിദ്ധരിക്കുകയോ തള്ളുകയോ ചെയ്യുമ്പോള്‍, ദൈവം നമ്മുടെ 'ശരണം' (വാ. 1) ആകുന്നു. അവിടുത്തെ മാറ്റമില്ലാത്തതും കരുണാമയവുമായ സ്‌നേഹം നിമിത്തം അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടട്ടെ!
സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു
ചെറുപ്പക്കാരായ മിക്ക സമോവന്‍ ആണ്‍കുട്ടികളെയും (ഓസ്‌ട്രേലിയന്‍ തീരത്തുനിന്നകലെയുള്ള ഒരു ദ്വീപ്), തങ്ങളുടെ ജനതയോടും തലവനോടും ഉള്ള ഉത്തരവാദിത്വത്തിന്റെ അടയാളമായി പച്ചകുത്താറുണ്ട്. സ്വാഭാവികമായും, ഈ അടയാളങ്ങള്‍ സമോവന്‍ പുരുഷ റഗ്ബി റ്റീം അംഗങ്ങളുടെ കൈകള്‍ മൂടുന്ന തരത്തിലുള്ളവയാണ്. ടാറ്റൂകള്‍ക്ക് നെഗറ്റീവ് അര്‍ത്ഥങ്ങള്‍ കല്പിക്കുന്ന ജപ്പാനിലേക്കുള്ള യാത്രയില്‍, അവരുടെ ചിഹ്നങ്ങള്‍ അവരുടെ ആതിഥേയര്‍ക്ക് ഒരു പ്രശ്‌നമാണെന്ന് റ്റീം അംഗങ്ങള്‍ മനസ്സിലാക്കി. സൗഹൃദത്തിന്റെ ഉദാരമായ പ്രവൃത്തിയെന്ന നിലയില്‍, സമോവക്കാര്‍ അവരുടെ ടാറ്റൂകള്‍ മൂടത്തക്കവിധം ചര്‍മ്മങ്ങളുടെ നിറമുള്ള കൈനീളമുള്ള ഉടുപ്പുകള്‍ ധരിച്ചു. “ഞങ്ങള്‍ ജപ്പാന്റെ രീതികളെ ബഹുമാനിക്കുന്നവരും കരുതുന്നവരുമാണ്'' റ്റീം ക്യാപ്റ്റന്‍ വിശദീകരിച്ചു, 'ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയായുള്ളവയാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.'
വ്യക്തിപരമായ ആവിഷ്‌കാരത്തിന് ഊന്നല്‍ നല്‍കുന്ന ഒരു കാലഘട്ടത്തില്‍, സ്വയം പരിമിതപ്പെടുത്തലിനെ അഭിമുഖീകരിക്കുന്നതു ശ്രദ്ധേയമാണ് - അതാണു റോമാലേഖനത്തില്‍ പൗലൊസ് എഴുതിയ ഒരു ആശയം. സ്‌നേഹം ചിലപ്പോള്‍, മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ അവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നുവെന്ന് പൗലൊസ് നമ്മോടു പറയുന്നു. നമ്മുടെ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുന്നതിനു പകരം, ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു. സഭയിലെ ചില ആളുകള്‍ 'എന്തും ഭക്ഷിക്കാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു' വാദിക്കുന്ന കാര്യവും മറ്റുള്ളവര്‍ 'സസ്യാദികള്‍ മാത്രം' കഴിക്കുന്നവരാണെന്ന കാര്യവും അപ്പൊസ്തലന്‍ വിശദീകരിച്ചു (റോമര്‍ 14:2). ഇത് ഒരു ചെറിയ പ്രശ്‌നമാണെന്നു തോന്നാമെങ്കിലും, ഒന്നാം നൂറ്റാണ്ടില്‍ പഴയനിയമത്തിലെ ഭക്ഷണനിയമങ്ങള്‍ പാലിക്കുന്നതു വിവാദവിഷയമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കുന്നവരോട് ചില പ്രത്യേക വാക്കുകള്‍ പറയുന്നതിനു മുമ്പായി, 'അന്യോന്യം വിധിക്കുന്നത്' അവസാനിപ്പിക്കാന്‍ പൗലൊസ് എല്ലാവരോടും നിര്‍ദ്ദേശിച്ചു (വാ. 13): 'മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്' (വാ. 21).
ചില സമയങ്ങളില്‍, മറ്റൊരാളെ സ്‌നേഹിക്കുകയെന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുക എന്നാണ്. നമുക്ക് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതെല്ലാം നാം എല്ലായ്‌പ്പോഴും ചെയ്യേണ്ടതില്ല. ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു.
നല്ലകാലത്തിലും മോശമായ കാലത്തിലും
1986 ജനുവരി 28 ന്, യുഎസ് ബഹിരാകാശവാഹനായ ചലഞ്ചര്‍ കുതിച്ചുയര്‍ന്ന് എഴുപത്തിമൂന്നു സെക്കന്‍ഡിനു ശേഷം തകര്‍ന്നുവീണു. രാജ്യത്തെ ആശ്വസിപ്പിച്ചുകൊണ്ടു പ്രസിഡന്റ് റീഗന്‍ നടത്തിയ പ്രസംഗത്തില്‍, രണ്ടാം ലോകമഹായുദ്ധ പൈലറ്റായ ജോണ്‍ ഗില്ലസ്പി മാഗി രചിച്ച 'ഹൈ ഫ്‌ളൈറ്റ്' എന്ന കവിതയില്‍നിന്ന് ഉദ്ധരിക്കുകയുണ്ടായി. അതില്‍ 'ആരും അതിക്രമിച്ചു കടന്നിട്ടില്ലാത്ത ബഹിരാകാശത്തിന്റെ ഉന്നതമായ പവിത്രത' യെക്കുറിച്ചും 'ദൈവത്തിന്റെ മുഖത്തെ' സ്പര്‍ശിക്കുന്നതിനായി കൈ പുറത്തേക്കു നീട്ടുന്നതിന്റെ അനുഭവത്തെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തി.
നമുക്ക് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുഖത്തെ സ്പര്‍ശിക്കാന്‍ കഴിയില്ലെങ്കിലും, അവിടുന്ന് അടുത്തുണ്ടെന്ന ആഴമായ ബോധ്യം നമ്മില്‍ സൃഷ്ടിക്കുന്ന അതിശയകരമായ ഒരു സൂര്യാസ്തമയമോ, പ്രകൃതിയില്‍ ഇരുന്നുള്ള ഒരു ധ്യാനമോ നാം അനുഭവിക്കാറുണ്ട്. ചില ആളുകള്‍ ഈ നിമിഷങ്ങളെ 'നേര്‍ത്ത സ്ഥലങ്ങള്‍' എന്നു വിളിക്കുന്നു. ആകാശത്തെയും ഭൂമിയെയും വേര്‍തിരിക്കുന്ന തടസ്സം അല്പം കനംകുറഞ്ഞതായി തോന്നുന്നു. ദൈവം കുറെക്കൂടെ അടുത്തു വന്നതായി തോന്നുന്നു.
മരുഭൂമിയിലെ വിജനതയില്‍ ദൈവത്തിന്റെ സാമീപ്യം തിരിച്ചറിഞ്ഞ യിസ്രായേല്യര്‍ക്ക് 'നേര്‍ത്ത സ്ഥലം' അനുഭവപ്പെട്ടിരിക്കാം. മരുഭൂമിയിലൂടെ അവരെ നയിക്കാന്‍ ദൈവം പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്‌നിസ്തംഭവും നല്‍കി (പുറപ്പാട് 40:34-38). അവര്‍ പാളയത്തില്‍ താമസിക്കുമ്പോള്‍, “യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു’' (വാ. 35). അവരുടെ യാത്രയിലുടനീളം, ദൈവം തങ്ങളോടൊപ്പമുണ്ടെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
ദൈവത്തിന്റെ സൃഷ്ടിയുടെ അവിശ്വസനീയമായ സൗന്ദര്യം നാം ആസ്വദിക്കുമ്പോള്‍, അവിടുന്ന് എല്ലായിടത്തും ഉണ്ടെന്ന ബോധ്യം നമ്മില്‍ വര്‍ദ്ധിക്കുന്നു. നാം അവിടുത്തോടു പ്രാര്‍ത്ഥനയില്‍ സംസാരിക്കുകയും അവിടുത്തെ ശ്രദ്ധിക്കുകയും തിരുവെഴുത്തുകള്‍ വായിക്കുകയും ചെയ്യുമ്പോള്‍, എപ്പോള്‍ വേണമെങ്കിലും എവിടെയും നമുക്ക് അവിടുത്തോടുള്ള കൂട്ടായ്മ ആസ്വദിക്കാന്‍ കഴിയും.
ക്രിസ്തുവിലുള്ള കൂട്ടാളികള്‍
ഒരു ദശാബ്ദക്കാലം നീണ്ടുനിന്ന, ഹാവാഡ് സ്റ്റഡി ഓഫ് അഡള്‍ട്ട് ഡവലപ്‌മെന്റ് എന്ന പ്രോജക്ട്, ആരോഗ്യകരമായ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായി. 1930-കളില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ 268 പേരടങ്ങുന്ന ഒരു സംഘത്തിലാണു ഗവേഷണം ആരംഭിച്ചത്, പിന്നീടതു 456 പേരിലേക്കു വ്യാപിപ്പിച്ചു. ഗവേഷകര്‍, പങ്കെടുക്കുന്നവരുമായി അഭിമുഖങ്ങള്‍ നടത്തുകയും, ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍, അവരുടെ മെഡിക്കല്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്യുന്നു. സന്തോഷവും ആരോഗ്യവും പ്രവചിക്കാനുള്ള ഏറ്റവും വലിയ ഘടകം, അടുത്ത ബന്ധങ്ങളാണെന്ന് അവര്‍ കണ്ടെത്തി. ശരിയായ ആളുകള്‍ നമുക്കു ചുറ്റുമുണ്ടെങ്കില്‍, ആഴത്തിലുള്ള സന്തോഷം നാം അനുഭവിക്കും.
ഫിലിപ്പിയര്‍ 1 ല്‍ അപ്പൊസ്തലനായ പൗലൊസ് വിവരിക്കുന്ന കാര്യത്തെ ഇതു പ്രതിഫലിപ്പിക്കുന്നതായി തോന്നുന്നു. ജയിലില്‍നിന്നു പൗലൊസ് അവര്‍ക്ക് എഴുതുമ്പോള്‍, അവരെ ഓര്‍ക്കുമ്പോഴെല്ലാം അവരെ ഓര്‍ത്തു ദൈവത്തിനു താന്‍ നന്ദി പറയുന്നുവെന്നും 'സന്തോഷത്തോടെ' പ്രാര്‍ത്ഥിക്കുന്നുവെന്നും പറയുന്നു (വാ. 6). എന്നാല്‍ ഇവര്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ അല്ല; മറിച്ചു പൗലൊസിനോടൊപ്പം 'കൃപയില്‍ കൂട്ടാളികളും,' 'സുവിശേഷഘോഷണത്തില്‍ പങ്കാളികളും' ആയ യേശുവിലുള്ള സഹോദരീസഹോദരന്മാരാണ് (വാ. 6-7). അവരുടെ ബന്ധം, പങ്കിടലിന്റെയും പരസ്പരസഹവര്‍ത്തിത്വത്തിന്റേതുമാണ് - ദൈവസ്‌നേഹവും സുവിശേഷവും രൂപപ്പെടുത്തിയ ഒരു യഥാര്‍ത്ഥ കൂട്ടായ്മ ആയിരുന്നു അത്.
അതേ, സുഹൃത്തുക്കള്‍ പ്രധാനമാണ്, എന്നാല്‍ ക്രിസ്തുവിലുള്ള സഹകൂട്ടാളികള്‍ യഥാര്‍ത്ഥവും അഗാധവുമായ സന്തോഷത്തിന്റെ ഉത്തേജകങ്ങളാണ്. ദൈവകൃപയ്ക്ക്, മറ്റൊന്നിനും കഴിയാത്ത രീതിയില്‍ നമ്മെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയും. ജീവിതത്തിലെ ഇരുണ്ട ഋതുക്കളില്‍പ്പോലും ആ ബന്ധത്തില്‍നിന്നു ലഭിക്കുന്ന സന്തോഷം നിലനില്‍ക്കും.